Friday, December 13, 2013

23. അവള്‍


















നിന്റെ ഈറന്‍ മുടി തുമ്പു കെട്ടും വരെ
ചുണ്ടില്‍ ഊറുന്ന തേന്‍ നൂല്  പൊട്ടും വരെ
കാത്തു നിന്നെന്റെ രാവും നിശാഗന്ധിയും
കണ്ണു ചിമ്മാതെ കള്ളന്‍ നിലാ ചന്ദ്രനും
കണ്ണു ചിമ്മാതെ കള്ളന്‍ നിലാ ചന്ദ്രനും

രാക്കറുപ്പും‍മുടി ചുരുളിലാകെ
ഇന്നു വാരി പകര്‍ന്നു കൊണ്ടിരവ് പോയി
രാമഴനീരപ്പോള്‍ പെയ്തു തോരും മുമ്പ്
നാഭിതന്‍ ചുഴിയിലെക്കൊഴുകി എത്തി
നിന്റെ നാണത്തിന്‍' ചെരുവിലേക്കൊഴുകി എത്തി

കാറ്റിലലിഞ്ഞ നിന്‍ഗന്ധവും പേറിയാ
കേട്ടു പഴകിയൊരീണമെത്തി
തുള്ളിത്തുടിക്കും നിന്‍നെഞ്ചവുമായ്
അപ്പോള്‍ ചാറ്റല്‍ മഴയുടെ താളമെത്തി
എന്റെ സിരകളില്‍ ലഹരിതന്‍ നുരയുമെത്തി 

ചോപ്പ് മാതള പൂക്കള്‍ തന്‍ ശോഭയില്‍
നേര്‍ത്ത കംബളം നീ നീക്കിയെത്തി
നിന്നിലലിയാതിരിക്കുവാന്‍ ഞാനെന്റെ 
പഞ്ചേന്ദ്രിയങ്ങള്‍ അടച്ചുനോക്കി ...പക്ഷെ 
നിന്നിലലിയലാണതിലെളുപ്പം എന്റെ 
സ്വര്‍ണ്ണ നിറമെഴും ഇളവെയിലെ.....!!!
-ശ്രീകാന്ത്- 

Monday, October 14, 2013

22. മറന്നു വച്ച ഓര്‍മ്മകള്‍......













ഇലകളിന്‍ തുംബിലെക്കൊഴുകി വന്നെത്തുന്ന
മഴ തീര്‍ത്തൊരരുവിയില്‍ മുങ്ങിടുന്നു.....ഓര്‍മ്മകള്‍
ഇറയത്തെ മറയത്തു നിന്നൊരെന്‍ ബാല്യത്തെ
കൈ പിടിച്ചെങ്ങോ നടത്തിടുന്നു

നാലുകെട്ടിന്‍ ഇടനാഴികളില്‍ പച്ച-

പായലു ചൊല്ലിയ പഴങ്കഥകള്‍..... ആരും
പറഞ്ഞൊന്നറിയാതെ എങ്ങിനെന്‍
മുറ്റത്തെ പച്ചിലക്കാറ്റില്‍ അലിഞ്ഞു ചേര്‍ന്നു


ഇനിയൊട്ടു ബാക്കി വെക്കാതെ മറന്നൊരാ 
മാറാല മൂടിയ പിന്‍വഴിയില്‍...... പുല്‍-
തളിര്‍ തുമ്പുമെന്തോ പറയുവാന്‍ വെമ്പുന്ന
തെന്‍പാദമെന്നോ തിരിച്ചറിഞ്ഞു

പുറകിലെ ബഞ്ചിലിന്നവളില്ല എങ്കിലും

പുറകോട്ട് സഞ്ചരിക്കുന്നു...ഓര്‍മ്മതന്‍
നിഴലുകള്‍ എങ്കിലും ചേര്‍ന്നിടട്ടെ ...എന്റെ
നിഴലിനെ ഞാനും മറന്നിടട്ടെ

ഒഴുകി ഒഴിയുവാന്‍ കാത്തു നില്‍ക്കുന്നു ഞാന്‍

തുള വീണു പോയ മുളങ്കുഴലില്‍
അത് പോലും ഒരു കീര് രാഗമായ് തോന്നുമാറ-
ലിയട്ടെ മറവിയായ് മാറിടട്ടെ

-ശ്രീകാന്ത്- 


Saturday, June 1, 2013

21. മരണമെത്തുന്ന നേരത്ത്













നിലാവേ.....
നീയും തിരി താഴ്ത്തിവച്ചോ 
ഞാനുറങ്ങാനിറങ്ങാന്‍ ഒരുങ്ങിടുമ്പോള്‍  

നിറങ്ങളെ.....
ചാലിച്ചോരുക്കി വച്ചോ 
ഒരു നിറമെന്റെ അവസാന രംഗത്തിനായ് 

പുഴകളെ ...
ഒഴുകു കണ്ണരികു ചേര്‍ന്ന് 
ഞാന്‍ ഉപ്പ് നനവുള്ള കൈവഴി നിനക്ക് നല്‍കാം  

തെന്നലേ...
നീ വന്നു വേര്‍പെടുത്തൂ
എന്‍ ഒടുവിലെ ശ്വാസത്തിന്‍ നൂലിഴയും 

മഞ്ഞുകട്ടയെ...
മാറോടണച്ചു വക്കും 
തണുത്തുള്ളിലായ്  ജീവന്‍ ഉറയും വരെ 

പൂക്കളെ ...
വരിക എടുത്തുകൊള്‍ക
എന്നില്‍ അടരാതെ പോയന്ത്യ ചുംബനങ്ങള്‍

പക്ഷെ മരണമേ...
നിന്നെ ഞാന്‍ തോല്‍പ്പിച്ചിടും
എന്റെ ചിതലുകള്‍ അരിച്ചിടാ മഷിപ്പാടിനാല്‍
എന്റെ വിരലുകള്‍ വരഞ്ഞിട്ട കവിതകളാല്‍ 

-ശ്രീകാന്ത്-

Wednesday, May 1, 2013

20. സ്വകാര്യമായി...



ഒന്ന് തൊട്ടേ എന്റെ ഹ്രുദയത്തിലെപ്പൊഴോ
ആരോ സ്വകാര്യമായി
ഏറെ മൃദുലമായി

അന്ന് തൊട്ടേ അത് രാഗം പൊഴിക്കുന്നു

ആരാലും മീട്ടിടാതെ
കേള്‍ക്കാത്തൊരീണവുമായി  

ഇതുവരെ വിരിയാത്തൊരകതളിര്‍ പൂവിതള്‍

ആരോ തുറന്നുവച്ചു 
അതിലെന്തോ കരുതിവച്ചു 

പുലരികള്‍ കാണാതെ വിരിഞ്ഞോരാ പൂവുകള്‍

പുതുമഴ സ്വപ്നം കണ്ടു...എന്റെ 
പുഞ്ചിരി കടം കൊണ്ടു

ഇരു തളിരിതൾ വീഴ്‌ത്തി എന്നുമാ പൂവുകൾ 

എന്നോടടക്കം ചൊല്ലി 
ഉള്ളിലുള്ളോരിണക്കം ചൊല്ലി 

ഇന്നുമാ പൂവുകൾ അനുവാദമില്ലാതെ 

എന്നുള്ളിൽ പൂത്തിടുന്നു 
എന്റെ സ്വപ്‌നങ്ങൾ ചോർത്തിടുന്നു 

-ശ്രീകാന്ത്-

Monday, April 15, 2013

19. ഒഴിയാത്ത മൗനം












മൌനമിന്നെന്റെ ചുണ്ടിന്നു കാവലാള്‍ 
ദേവരാഗം വിരുന്നുവന്നെത്തുമ്പോള്‍
നയനമിരുളിന്റെ തൈലം പുരട്ടുന്നു
സൂര്യനരികെ പകല്‍പൂരമാടുമ്പോള്‍

തരള തന്ത്രിയില്‍ രാഗം പോഴിക്കേണ്ട 

മൃദുല  കൈകളില്‍ ഈണം ദ്രവിക്കുന്നു 
സ്വര സുമങ്ങള്‍ വിടരേണ്ട വഴികളില്‍, അപ-
സ്വര മലരുകള്‍ ഇതള്‍ ‍പൊഴിച്ചീടുന്നു 

സിരകളില്‍ കുളിര്‍ പാടെ നിറച്ചുകൊണ്ടു-

ലകില്‍ വാസന തെന്നലായ് വീശുവാന്‍ 
തരിക എന്‍ തന്ത്രി, നീട്ടുമെന്‍‍ കൈകളില്‍  
തിരകെ വാങ്ങുകെന്‍ മൌനം പകരമായ് 

-ശ്രീകാന്ത്- 

Tuesday, March 19, 2013

18. നോവ്‌








പൊന്‍നൂല്‍ കസവണിഞ്ഞക്ഷരങ്ങള്‍... നാണി-
ച്ചെന്തിനായ് ഇനിയെന്നില്‍ ഒളിച്ചിരിപ്പു
വാസന തേന്‍ നെറ്റിയില്‍ ഞാന്‍ തൊട്ടു നല്‍കാം രണ്ടു 
ചുണ്ടിലോരോ ചെണ്ട് മല്ലി പൂ കൊരുക്കാം 

എന്‍ വിരല്‍ നീ വിട്ടിറങ്ങും വേളയിതില്‍ എന്തേ 
പിന്തിരിഞ്ഞിങ്ങോടിയെത്തി തേങ്ങിടുന്നു
നോവെനിക്കിന്നേറെയുണ്ട് എന്‍ ഹൃത്തിലാകെ കൂര്‍ത്ത 
ചില്ലക്ഷരങ്ങളുള്ളില്‍ കൊളുത്തി നില്‍പു

വെള്ള താളിലോരൊ നാളിലും മണിയറയൊരുക്കി  
തൂവല്‍ തൂലിക തുമ്പ് കൊണ്ട് കേളിയാടാന്‍
കാത്തിരുന്ന കാകളിയും കളകാഞ്ചിയും തെല്ലു 
പരിഭവം ചൊല്ലിയെങ്ങോ തിരിച്ചു പോയി   

ആദ്യാക്ഷരങ്ങളുടെ മൃദു ഞരക്കം കേള്‍ക്കാന്‍
അകലങ്ങള്‍ മാത്രമിന്നെന്നരികിലെത്തി 
താളവൃന്ദഘോഷങ്ങളുടെ കണിയോരുക്കം കാണാന്‍ 
കന്നി കിനാവ് മാത്രം അണിഞ്ഞൊരുങ്ങി  

ബ്രാഹ്മ മുഹൂര്‍ത്തം എത്ര കടന്നു പോയി നിന്റെ 

നഷ്ടങ്ങളെണ്ണി എണ്ണി അറിയുന്നുവോ  
ഇനിയും പിറക്കുവാനായ് വൈകുന്നുവോ നീ
നോവിനും നോവായി മാറുന്നുവോ

ആരും വരാനില്ല നിനക്കുവേണ്ടി  ഇനി 

ആരെയും കാക്കേണ്ട പിന്‍ വിളിക്കായ്
പോരുക നീ എന്റെ പൊന്‍ കവിതേ....കരള്‍ 
കീറി പതുത്ത് ഞാന്‍ മുന്നില്‍ വയ്ക്കാം....!!!!

-ശ്രീകാന്ത് -

Tuesday, February 19, 2013

17. മഴ തേടുന്ന പ്രണയം












പാതി മുറിഞ്ഞൊരെന്‍ പ്രണയ ഗാനം 
തുലാ.. മഴനൂലു കൊണ്ട് ഞാന്‍ കോര്‍ത്തു വക്കും
പാതി  അടര്‍ന്നൊരെന്‍ മാനസത്തെ 
രാ..മഴ തീര്‍ന്ന മാനത്തെ ചന്ദ്രനാക്കും

എന്‍റെ നിറമുള്ള സ്വപ്‌നങ്ങള്‍ നിറമേകിടും

ചാറ്റല്‍ മഴയേറ്റു നിറമറ്റ മഴ വില്ലിന്
എന്‍റെ പ്രണയകൊടുംചൂടില്‍ തണുവേകുവാന്‍
ഇന്നൊരു വേനല്‍മഴ നല്‍കും കുട ചൂടും ഞാന്‍

ഇടവമഴ പെയ്യുമ്പോള്‍ ഇടയിലേക്ക്
ഇന്നറിഞ്ഞുകൊണ്ടൊരുവേള ഞാനലിയും
ഇടനെഞ്ചു പിടയുന്ന സ്വരമാരുമറിയാതെ
ഇടവത്തിലെ മഴ സ്വന്തമാക്കും .... എന്‍ നെഞ്ചിന്‍
ഇടിമുഴക്കം ആരും അറിയാതെ പോം

-ശ്രീകാന്ത്- 

Thursday, February 14, 2013

16. തീരാത്ത മോഹങ്ങള്‍











വെയിലെനിക്കത്രമേല്‍ ഇഷ്ട്ടമാണെന്നാലും 
തണലിനെ തേടി ഞാന് എത്തും
മഴയെ തിരഞ്ഞു തിരഞ്ഞു പോകുമ്പോഴും 
കുടയേയും കൂടെ ഞാന്‍ നിര്‍ത്തും

കാറ്റിനെ പ്രണയിച്ചു തീരാതെ തന്നെ 

ജനാലതന്‍ പാളിയും ചാരും
പൂക്കളെ കണ്ണുകള്‍ ഓമനിക്കുമ്പോഴും 
ഞെട്ടിറുക്കാനെന്‍ കൈകള്‍ വെമ്പും

ഒന്നുമില്ലെന്നു ഞാന്‍ മന്ത്രിച്ചിരുന്നാലും 

കണ്ണുകള്‍ പലതും പറയും 
കുളിരില്‍ കുളിച്ചൊട്ടി നില്‍ക്കും മനസിനും 
തീ കായുവാനാണ് ദാഹം 

നറു വെണ്ണപോലുള്ളില്‍ ഒളിച്ച വികാരത്തെ
പ്രണയമേ.... എന്നു വിളിച്ചു
ഉരുകി ഉറവപോലോഴുകിയ നേരത്തു
വിരഹത്തിന്‍ ഉപ്പും രുചിച്ചു

മനസിന്‍റെ....ആഴങ്ങളില്‍ ഉമ്മവെക്കുന്ന വിത്തിന്
മുളപൊട്ടി ഉയരാനായ് മോഹം
ആശതന്‍....വാനോളം എത്തുമാ മുകുളത്തിന്‍ വേരിന്
ആഴത്തില്‍ അലയാനാണിഷ്ട്ടം

ഓര്‍മകളൊക്കെ പെറുക്കി അടുക്കി ഞാന്‍

മറവിതന്‍ കൂടയില്‍ പക്ഷെ
യാത്രയിലെപ്പൊഴോ ഞാനറിയാമനം
പിന്‍തിരിഞ്ഞെങ്ങോ നടന്നു

-ശ്രീകാന്ത്- 

Thursday, January 31, 2013

15. വിട പറയാതെ....

 












അകാലത്തില്‍ പൊലിഞ്ഞു പോയ ആ കുഞ്ഞിനെ 
ഞാന്‍ കണ്ടിട്ടില്ല...എവിടയോ ഉള്ള ആ അച്ഛന്‍റെ കരച്ചില്‍
ഞാന്‍ കേട്ടിട്ടില്ല...പക്ഷെ ഒന്നറിയാം ഞാനും ഒരു അച്ഛനാണ്...
ആ വേദനയില്‍ കുതിരാതിരിക്കാന്‍ എനിക്കാവില്ല
എന്‍റെ ആദരാഞ്ജലികള്‍....


ചെമ്പകങ്ങള്‍ പൂ ചോരിഞ്ഞതാര്‍ക്കു വേണ്ടി
മാതളങ്ങള്‍ കായ് പൊഴിച്ചതാര്‍ക്ക് വേണ്ടി
ഉമ്മറത്തിന്നാരെ നോക്കി തെന്നലെത്തി
മണ്‍തരികള്‍ ആരെ തേടി ഉള്ളിലെത്തി

കുഞ്ഞു പാവകള്‍ നിരന്നതാര്‍ക്ക് വേണ്ടി....കുഞ്ഞു-
ടുപ്പുകള്‍ കുണുങ്ങി നിന്നതാര്‍ക്ക് വേണ്ടി
എന്നുണ്ണിയെ തിരഞ്ഞു പോയ മൈനയും......ഇന്ന്
നോവ്‌ നല്‍കും മുഖവുമായെന്നരികിലെത്തി

പുസ്തകത്തിന്‍ താളുകള്‍ വിതുംബിയോ.....കല്ലു
പെന്‍സിലിനും സങ്കടം തുളുംബിയോ
അക്ഷരങ്ങളൊക്കെ മേല്‍ചൊരിഞ്ഞിടാന്‍......ഇന്നീ
ഉണ്ണിയില്ല ഉണ്ണികൈകള്‍ രണ്ടുമില്ല

ഉത്തരങ്ങള്‍ കാത്തു നിന്നെന്‍ കണ്ണനെ.....സ്കൂള്‍
പടിക്കലില്‍ പരീക്ഷതന്‍ ദിനങ്ങളില്‍
കണ്ടു മുട്ടിയില്ല ഉത്തരവും ഉണ്ണിയും.....ആ
ഉത്തരം മുട്ടുന്ന ചോദ്യം ബാക്കിയായ്

ഉണ്ണി എത്തിനോക്കും ആമ്പല്‍ പൊയ്കയില്‍
ഉണ്ണിതന്‍ നിഴലുവീണ പൊയ്കയില്‍
ആമ്പല്‍ കണ്ണുനീര് വീണുടഞ്ഞ മാത്രയില്‍
ആ...മനോജ്‌ഞമാം നിഴലും മാഞ്ഞുപോയ്

ഉണ്ണിയോട് സങ്കടങ്ങള്‍ ഓതുവാന്‍....ഉണ്ണി-
ക്കൂട്ടുകാര്‍ വന്നെന്‍റെ മുന്നില്‍ നിന്നിതാ
ചെമ്പകപൂ, മാതളക്കായ്, മണ്‍തരി...പിന്നെ
അക്ഷരങ്ങള്‍, ഉത്തരങ്ങള്‍, തെന്നലും

എന്‍റെ കരള്‍ നീറ്റിടുന്ന സങ്കടം......എന്‍റെ
മുന്നില്‍ നില്‍ക്കും ആരുമായി ഞാന്‍ പങ്കിടും
എന്‍റെ ഉണ്ണി നിങ്ങളോടൊത്തില്ലിനി
എന്ന സത്യം എങ്ങനെ ഞാനോതിടും

ഉണ്ണി വന്നു മുത്തിടുന്നെന്‍ കണ്ണുകള്‍.....ആമ്പല്‍
പൊയ്ക പോലെ നീര്‍ തുളുമ്പി നിന്നു പോയ്‌
ഉണ്ണി തന്‍റെ കുഞ്ഞുടുപ്പു വന്നിതാ....എന്‍റെ 
സങ്കടങ്ങള്‍ ഏറ്റു വാങ്ങി കുതിര്‍ന്നിതാ....എന്‍റെ 
സങ്കടങ്ങള്‍ ഏറ്റു വാങ്ങി കുതിര്‍ന്നിതാ.... 

 -ശ്രീകാന്ത്-


Monday, January 7, 2013

14. ഒരു മഞ്ഞു തുള്ളി പോല്‍....









മുത്തം മഴത്തുള്ളിയാവുമെങ്കില്‍
മുത്തു മഴയായ് നിന്നില്‍ ഞാന്‍ പെയ്‍തിറങ്ങാം
മുത്തമോ മഴത്തുള്ളിയോ നിന്‍റെ
ചുണ്ടിനേകുന്നതിന്നേറെ ഈര്‍പ്പം

മഞ്ഞു തുള്ളികള്‍ കൈകളായ് മാറുമെങ്കില്‍
കുളിരാര്‍ന്നൊരാലിങ്കനം കൊണ്ട് മൂടാം
മഞ്ഞു തുള്ളിയോ എന്‍റെ കൈകളോ
നിന്നില്‍ ഉള്‍ക്കുളിര്‍ കോരി നിറച്ചീടുക

നിന്‍റെ സിന്ദൂരത്തില്‍ അരുണിമ കൂട്ടുവാന്‍

സായംസൂര്യനില്‍ ഞാന്‍ ചെന്നലിഞ്ഞുചേരാം
പിന്നെ നിന്‍കണ്‍കളില്‍ നീലിമ കൂട്ടുവാന്‍
നിലാവുമായ്‌ ഞാന്‍ വന്നു കാത്തുനില്‍ക്കാം

നിന്‍ കരിമഷിയുടെ കരിനിറം കൂട്ടുവാന്‍

രാത്രിയെ ചാലിച്ചു കണ്ണെഴുതാം
നിന്‍ നെറ്റിയില്‍ നാളെ ചന്ദനം ചാര്‍ത്തുവാന്‍
ചന്ദ്രന്‍റെ പാതി അടര്‍ത്തി വക്കാം

നിന്നെ പൊതിയുവാന്‍ കാറ്റിന്‍റെ മേലാപ്പ്-

ചേലയിലേറി ഞാന്‍ ഓടിയെത്താം
പിന്നെ രാത്രിതന്‍ രാഗാര്‍ദ്ര ഭാവത്തില്‍ നിന്‍ രൂപം
ചേലോടെ ഒപ്പുവാന്‍ മത്സരിക്കാം

എന്‍ മെയ്യ് തരും ചൂട് തേടിയെത്താന്‍ 

കൊടും കുളിരിനെ കൂട്ടുകിടത്തിടാം ഞാന്‍
മഞ്ഞിന്‍ മറ നീക്കി എത്തുന്ന സൂര്യനെ
വൈകി എത്താന്‍ ചൊല്ലി തിരികെ വിടാം

അറിയാം..... 

ഈയൊരു ജന്‍മത്തില്‍ കൂട്ടുകില്ലാ
എന്‍റെ ഈ വിചാരങ്ങള്ള്‍ക്കും അര്‍ഥമില്ല
ഇനിയൊരു ജന്‍മത്തില്‍ ഒത്തുചേരാന്‍
നിന്നെ ഭദ്രമായ്‌ എന്നുള്ളില്‍ കാത്തു വക്കും
എന്‍റെ ജീവന്‍റെ ജീവനായ് കരുതി വക്കും.....!!

-ശ്രീകാന്ത് -