Thursday, January 31, 2013

15. വിട പറയാതെ....

 












അകാലത്തില്‍ പൊലിഞ്ഞു പോയ ആ കുഞ്ഞിനെ 
ഞാന്‍ കണ്ടിട്ടില്ല...എവിടയോ ഉള്ള ആ അച്ഛന്‍റെ കരച്ചില്‍
ഞാന്‍ കേട്ടിട്ടില്ല...പക്ഷെ ഒന്നറിയാം ഞാനും ഒരു അച്ഛനാണ്...
ആ വേദനയില്‍ കുതിരാതിരിക്കാന്‍ എനിക്കാവില്ല
എന്‍റെ ആദരാഞ്ജലികള്‍....


ചെമ്പകങ്ങള്‍ പൂ ചോരിഞ്ഞതാര്‍ക്കു വേണ്ടി
മാതളങ്ങള്‍ കായ് പൊഴിച്ചതാര്‍ക്ക് വേണ്ടി
ഉമ്മറത്തിന്നാരെ നോക്കി തെന്നലെത്തി
മണ്‍തരികള്‍ ആരെ തേടി ഉള്ളിലെത്തി

കുഞ്ഞു പാവകള്‍ നിരന്നതാര്‍ക്ക് വേണ്ടി....കുഞ്ഞു-
ടുപ്പുകള്‍ കുണുങ്ങി നിന്നതാര്‍ക്ക് വേണ്ടി
എന്നുണ്ണിയെ തിരഞ്ഞു പോയ മൈനയും......ഇന്ന്
നോവ്‌ നല്‍കും മുഖവുമായെന്നരികിലെത്തി

പുസ്തകത്തിന്‍ താളുകള്‍ വിതുംബിയോ.....കല്ലു
പെന്‍സിലിനും സങ്കടം തുളുംബിയോ
അക്ഷരങ്ങളൊക്കെ മേല്‍ചൊരിഞ്ഞിടാന്‍......ഇന്നീ
ഉണ്ണിയില്ല ഉണ്ണികൈകള്‍ രണ്ടുമില്ല

ഉത്തരങ്ങള്‍ കാത്തു നിന്നെന്‍ കണ്ണനെ.....സ്കൂള്‍
പടിക്കലില്‍ പരീക്ഷതന്‍ ദിനങ്ങളില്‍
കണ്ടു മുട്ടിയില്ല ഉത്തരവും ഉണ്ണിയും.....ആ
ഉത്തരം മുട്ടുന്ന ചോദ്യം ബാക്കിയായ്

ഉണ്ണി എത്തിനോക്കും ആമ്പല്‍ പൊയ്കയില്‍
ഉണ്ണിതന്‍ നിഴലുവീണ പൊയ്കയില്‍
ആമ്പല്‍ കണ്ണുനീര് വീണുടഞ്ഞ മാത്രയില്‍
ആ...മനോജ്‌ഞമാം നിഴലും മാഞ്ഞുപോയ്

ഉണ്ണിയോട് സങ്കടങ്ങള്‍ ഓതുവാന്‍....ഉണ്ണി-
ക്കൂട്ടുകാര്‍ വന്നെന്‍റെ മുന്നില്‍ നിന്നിതാ
ചെമ്പകപൂ, മാതളക്കായ്, മണ്‍തരി...പിന്നെ
അക്ഷരങ്ങള്‍, ഉത്തരങ്ങള്‍, തെന്നലും

എന്‍റെ കരള്‍ നീറ്റിടുന്ന സങ്കടം......എന്‍റെ
മുന്നില്‍ നില്‍ക്കും ആരുമായി ഞാന്‍ പങ്കിടും
എന്‍റെ ഉണ്ണി നിങ്ങളോടൊത്തില്ലിനി
എന്ന സത്യം എങ്ങനെ ഞാനോതിടും

ഉണ്ണി വന്നു മുത്തിടുന്നെന്‍ കണ്ണുകള്‍.....ആമ്പല്‍
പൊയ്ക പോലെ നീര്‍ തുളുമ്പി നിന്നു പോയ്‌
ഉണ്ണി തന്‍റെ കുഞ്ഞുടുപ്പു വന്നിതാ....എന്‍റെ 
സങ്കടങ്ങള്‍ ഏറ്റു വാങ്ങി കുതിര്‍ന്നിതാ....എന്‍റെ 
സങ്കടങ്ങള്‍ ഏറ്റു വാങ്ങി കുതിര്‍ന്നിതാ.... 

 -ശ്രീകാന്ത്-


1 comment:

  1. touching...........mambazham nammude ullil oru vedana tharunna kavitha thanne aanu.............mambazham kaanumbol mathrame aa nombaram namukkundaku..............ennal e kavitha namukku chuttumulla ellam thanne.............nadakkunna mannu polum namme ormippikkunnu...........sreekanth ...vedanikkunna varikal aanngilum nannyi ezhuthiyirikkunnu..............congrats...

    ReplyDelete