
കണ്ണുനീര് കണ്ണിനോടു യാത്ര ചൊല്ലി
ചെറു ദൂരമാ പീലികള്‍ കൂട്ടുപോയി
നോവും കാഴ്ച്ചയാ കണ്ണിനെ കാട്ടിടാതെ
കണ്പോളകള്‍ കണ്‍കളെ മൂടിനിന്നു
കുഞ്ഞു കവിളുകള്‍ മലകളായ് കുറുകെ ചെന്ന്
ചെറു തടയിണ കെട്ടി പുറമേ നിന്നും
പക്ഷെ വരുതിയില്‍ നിന്നിടാതോഴുകി നീങ്ങി
തന്‍റെ സങ്കട ചെങ്കടല്‍ നടുവിലേക്ക്
പിന്നീട് കാണാമെന്നേറ്റു ചൊല്‍വാന്‍
എത്തി ചുണ്ടുകള്‍ വഴിയോരം കാത്തുനിന്നു
വേദന തന്‍ രുചി കൂട്ടില്‍ നിന്നും
ഉപ്പു ചാലിച്ചു കണ്ണുനീര്‍ പകരം നല്‍കി
കൈലേസുമായി വന്നു വിളിച്ചുനോക്കി
ആ കൈകള്‍ നീര്തുള്ളിയെ മായ്ച്ചു നോക്കി
കൈലേസിനും സങ്കട നനവ് നല്‍കി
തുള്ളി മായ്ച്ചിടും മുമ്പേ പുനര്‍ജനിച്ചു
എവിടുന്നു ഞാനുല്‍ഭവിച്ചീടുന്നു
എന്തൊക്കെ ഞാനനുഭവിച്ചീടുന്നു
സങ്കട മാണെന്‍റെ ആത്മമിത്രം
പക്ഷേ സന്തോഷം എത്തും ഇടക്കിടക്ക്
ഞാന്‍ ഉയിര്‍കൊള്ളുന്ന നേരം മുതല്‍
എന്‍ ഉയിര്‍ പോയിടും നേരം വരെ
ഞാന്‍ അങ്കുരിച്ചൊരു ദേഹത്തിനെ
നോക്കണേ കാക്കണേ തമ്പുരാനേ !!
-ശ്രീകാന്ത്-
No comments:
Post a Comment