Monday, January 7, 2013

14. ഒരു മഞ്ഞു തുള്ളി പോല്‍....









മുത്തം മഴത്തുള്ളിയാവുമെങ്കില്‍
മുത്തു മഴയായ് നിന്നില്‍ ഞാന്‍ പെയ്‍തിറങ്ങാം
മുത്തമോ മഴത്തുള്ളിയോ നിന്‍റെ
ചുണ്ടിനേകുന്നതിന്നേറെ ഈര്‍പ്പം

മഞ്ഞു തുള്ളികള്‍ കൈകളായ് മാറുമെങ്കില്‍
കുളിരാര്‍ന്നൊരാലിങ്കനം കൊണ്ട് മൂടാം
മഞ്ഞു തുള്ളിയോ എന്‍റെ കൈകളോ
നിന്നില്‍ ഉള്‍ക്കുളിര്‍ കോരി നിറച്ചീടുക

നിന്‍റെ സിന്ദൂരത്തില്‍ അരുണിമ കൂട്ടുവാന്‍

സായംസൂര്യനില്‍ ഞാന്‍ ചെന്നലിഞ്ഞുചേരാം
പിന്നെ നിന്‍കണ്‍കളില്‍ നീലിമ കൂട്ടുവാന്‍
നിലാവുമായ്‌ ഞാന്‍ വന്നു കാത്തുനില്‍ക്കാം

നിന്‍ കരിമഷിയുടെ കരിനിറം കൂട്ടുവാന്‍

രാത്രിയെ ചാലിച്ചു കണ്ണെഴുതാം
നിന്‍ നെറ്റിയില്‍ നാളെ ചന്ദനം ചാര്‍ത്തുവാന്‍
ചന്ദ്രന്‍റെ പാതി അടര്‍ത്തി വക്കാം

നിന്നെ പൊതിയുവാന്‍ കാറ്റിന്‍റെ മേലാപ്പ്-

ചേലയിലേറി ഞാന്‍ ഓടിയെത്താം
പിന്നെ രാത്രിതന്‍ രാഗാര്‍ദ്ര ഭാവത്തില്‍ നിന്‍ രൂപം
ചേലോടെ ഒപ്പുവാന്‍ മത്സരിക്കാം

എന്‍ മെയ്യ് തരും ചൂട് തേടിയെത്താന്‍ 

കൊടും കുളിരിനെ കൂട്ടുകിടത്തിടാം ഞാന്‍
മഞ്ഞിന്‍ മറ നീക്കി എത്തുന്ന സൂര്യനെ
വൈകി എത്താന്‍ ചൊല്ലി തിരികെ വിടാം

അറിയാം..... 

ഈയൊരു ജന്‍മത്തില്‍ കൂട്ടുകില്ലാ
എന്‍റെ ഈ വിചാരങ്ങള്ള്‍ക്കും അര്‍ഥമില്ല
ഇനിയൊരു ജന്‍മത്തില്‍ ഒത്തുചേരാന്‍
നിന്നെ ഭദ്രമായ്‌ എന്നുള്ളില്‍ കാത്തു വക്കും
എന്‍റെ ജീവന്‍റെ ജീവനായ് കരുതി വക്കും.....!!

-ശ്രീകാന്ത് -

No comments:

Post a Comment