Tuesday, April 5, 2011

4. കേള്‍ക്കാന്‍ കൊതിച്ചത്

സ്വന്തം അല്ലെങ്കിലും സ്വന്തം ആണെന്ന് ഞാന്‍ വെറുതെ പറഞ്ഞോട്ടെ
അരികിലില്ലെങ്കിലും അകലത്തല്ലെന്ന് ഞാന്‍ വെറുതെ നിനച്ചോട്ടെ
കാണാതിരുന്നിട്ടും കണ്ടത് പോലെ ഞാന്‍ മനസില്‍ കുറിച്ചോട്ടെ
വരാതിരുന്നിട്ടും വന്നു വിളിച്ചതായി സ്വപ്നം കണ്ടോട്ടെ

പറയാന്‍ കൊതിച്ചിട്ട് പറയാതെ വന്നത് പതിരായ് കൊഴിഞ്ഞിട്ടും 
ഉതിരാതെ നിന്നൊരു മൊഴി ഞാന്‍ വീണ്ടും നിനക്കായി സൂക്ഷിചോട്ടെ 
കേള്‍ക്കാന്‍ കൊതിച്ചത് കേള്‍ക്കാതെ പോയിട്ടും അതിനായി കാതോര്‍ത്തു 
കാതിനോരീണമായി അത് പതിയും വരെ നിന്‍ ഗാനം നിലക്കരുതെ 

മോഹിച്ചതോക്കെയും വേണമെന്നില്ലിനി ഒരു ദാഹം ബാക്കിയായി 
എന്‍ കവിള്‍ പൂവിലായ് നല്‍കേണ്ട ചുംബനം തന്നെന്ന് കരുതിക്കോട്ടെ 
നമുക്കെന്നു കരുതി ഞാന്‍ കരുതിയതൊക്കെയും നിനക്കായ് സമര്‍പ്പിച്ചോട്ടെ  
നീ നല്‍കാതെ നല്‍കിയ ചുംബനം മതിയെനിക്കീജന്മം മുഴുമിക്കാനായ്

-ശ്രീകാന്ത്-

3. ഗാന ഗതി

(ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ഗാനത്തിന്റെ വേദനയും 
അതിന്റെ ആഗ്രഹവും പിന്നീട്  അതു  പുതു ഈണത്തില്‍ 
വീണ്ടും ശ്രധിക്കപ്പെട്ടപ്പോള്‍ ഉണ്ടാകുന്ന സന്തോഷവും 
അതിന്റെ പ്രാര്‍ഥനയും വരികളാക്കിയിരിക്കുന്നു)

മൂളുമ്പോള്‍ മൂളുന്ന നേരത്ത് മാത്രമായി 
ജീവന്‍ തുടിക്കുന്ന ഗാനമിത് 
മൂളി കഴിഞ്ഞാലോ ഗാനത്തെ വിട്ടിട്ടു 
ജീവനാ മൌനത്തിന്‍ കൂടണയും 

ഗാനത്തിന്‍ വേദന മൌനത്തെ വിട്ട് 
പുതു രാഗത്തെ വേളി കഴിച്ചിടുമ്പോള്‍ 
കാത്തിരിക്കുന്നു ഞാന്‍ കോരിത്തരിപ്പിക്കും 
ഈണത്തില്‍ വീണ്ടും പിറന്നീടുവാന്‍  

ഗീതികള്‍ മാറുമ്പോള്‍ താളങ്ങള്‍ മുറുകുമ്പോള്‍ 
രാഗങ്ങള്‍ ഗാനത്തെ രാഗിടുമ്പോള്‍ 
പുതു വേദന നല്‍കുന്ന ഈണത്തില്‍ 
തേങ്ങിക്കൊണ്ടാ ഗാനം വീണ്ടും പിറന്നിടുന്നു  

മൂളണോ മൂളി നിര്‍ത്തണോ ഈ ഗാനം
അല്ല മൂളാതെ പാടി നടന്നിടേണം
ഞാനും കൊതിക്കുന്നേന്‍ ഗാനത്തിന്‍ ഗീതിയില്‍  
വീഥികള്‍ പാടണം ആടിടേണം

കാതങ്ങള്‍ താണ്ടി ഞാന്‍ കാതുകള്‍ മുട്ടുന്നു 
പാടാന്‍ കൊതിക്കുന്ന ചുണ്ടുകള്‍ക്കായി
നാദവും താളവും ജീവനും കൈകോര്‍ക്കും 
പുതു ഗാനത്തിലേക്കെന്നെ ആവാഹിക്കൂ..

ചുണ്ടുകള്‍ ചുണ്ടോടുരുമി ഉയരുമ്പോള്‍ 
നാവില്‍ നിന്നൂര്‍ന്നു ഞാന്‍ ചെന്നിടുന്നു 
ചെന്നിടത്തോക്കെയും ചെല്ലേണ്ട താമസം 
ചെന്നിണം വാര്‍ത്തെന്നെ സ്വീകരിപ്പൂ

എന്നെ മൂളാത്ത നേരത്തിന്‍ ചാരത്തണഞ്ഞിടാന്‍ 
ആവില്ലോരിക്കലും എന്നറിയാം
വീണു വണങ്ങുന്നെന്‍ ശില്പ്പിയെ ഞാനിതാ 
വീഴാതെ നിര്‍ത്തണേ കാത്തിടേണേ 
   വീഴാതെ നിര്‍ത്തണേ കാത്തിടേണേ    


        -ശ്രീകാന്ത്-   

sreekanthck@yahoo.com      milanthaaraa@gmail.com

2. അവള്‍ ഉറങ്ങിക്കോട്ടെ

 ഒന്ന് ....
തൊട്ടു കൊടുത്താലോ
എന്‍ സഖി തന്നുടെ നെറ്റിയിലേക്കൊരു
പൊട്ടു കൊടുത്താലോ

പേര് ....
നീട്ടി വിളിച്ചാലോ
ചന്ദന വീണ കംബിയിലെന്‍ വിരല്‍
മീട്ടി വിളിച്ചാലോ

ഇനി ....
നീര് തളിച്ചാലോ
നിദ്രയെ വിട്ടവളരികത്തണയാന്‍
പനിനീര് തളിച്ചാലോ

ശ്ശോ...
നാളമണച്ചാലോ
എന്നുടെ പ്രിയതമ ഇതുവരെ കരുതിയ
നാണമണച്ചാലോ

വേണ്ട...
നാളെ വിളിച്ചാലോ
അതോ ചന്ദന കട്ടിലോടവളെ എടുക്കാന്‍
ആളെ വിളിച്ചാലോ

ഓഹ്...
നേരം പോയതറിഞ്ഞീല
നിദ്രയിലാണ്ടതറിഞ്ഞീല 

രാക്കിളി ചന്ദ്രിക താരകള്‍
ഓരം പോയതറിഞ്ഞീല
ദൂരം പോയതറിഞ്ഞീല

എത്ര തിരഞ്ഞു ഞാന്‍ നിന്നെ
എത്ര 
കൊതിച്ചൂ ഞാന്‍ - എന്നെ

കാത്തിരുന്നാ നിന്നുടെ കണ്ണിലെ പൊട്ടുകളെവിടെ പോയി
നീല പ്പോട്ടുകളെവിടെപ്പോയി
കണ്ണിലെ പരിഭവ കോണിലോളിച്ചവ
കണ്ടു പിടിച്ചു ഞാന്‍
കണ്ടു പിടിച്ചു ഞാന്‍

 

-ശ്രീകാന്ത്-

1. സ്വപ്നത്തിലെ മരണം

കിളികള്‍ കൂട്ടിലേക്കണഞ്ഞതേയുള്ളൂ
വിളക്കുകള്‍ വീട്ടില്‍ തെളിഞ്ഞതേയുള്ളൂ
വഴികളില്‍ ഇരുള്‍ നിറഞ്ഞതേയുള്ളൂ
മിഴികള്‍ രണ്ടും അടയുന്നതേയുള്ളൂ

ഇനിയുമേറെ കഴിയാതെ എന്‍ വിരല്‍
പതിയുമോരോ നനുത്ത സ്വപ്നങ്ങളില്‍
അതില്‍ തിരയും ഓരോരോ പൂവിലും
കാറ്റിലൂടിളകും ഓരോ ഇലയിലും ചോട്ടിലും

ഇടയിലേതോ വിടവിലൂടെന്‍ വിരല്‍
പതിയെ സ്പര്‍ശിച്ചു മുനകളാം ഒന്നതില്‍
ചെറിയെ വേദനിച്ചെനിക്കതെങ്കിലും
തിരികെ കൈ വലിച്ചെടുത്തതില്ല ഞാന്‍

മുനകളെപ്പോഴും മുറിച്ചിടും, അവ
തടവി ഓമനിച്ചിടുവതില്ലല്ലോ
അറിഞ്ഞിട്ടും അതോ മറന്നിട്ടോ, കൈ
മുറിഞ്ഞിട്ടും കൈ അയച്ചിടാഞ്ഞത്

തുടിപ്പു എന്‍ നെഞ്ചം മിടിച്ചു നില്‍ക്കുവാന്‍
മിടിപ്പ് തീര്‍ന്നാലും പിടിച്ചു നില്‍ക്കുവാന്‍
പിടിച്ചതൊക്കെയും വിഷമുള്ള്
ചാരാത്തണഞ്ഞോരോക്കെയും വിഷമുള്ളോര്‍

ഒടുവിലെപ്പോഴോ ഉണര്‍ന്നു ഞാന്‍ , കണ്ടു
മിഴി തന്‍ കോണില്‍ നീര്‍ ഉറഞ്ഞു നില്‍ക്കുന്നു
ചലനമറ്റൊരാമിഴികള്‍ രണ്ടിലും
വിഫലമാം ശ്രമം നടത്തി നോക്കി ഞാന്‍

എന്നെ പതിയെ വിട്ടു പുറത്തു വന്നു ഞാന്‍
കണ്ടു മിഴികള്‍ ആയിരം മിഴി നീര്‍ വാര്‍ക്കുന്നു
വഴികളില്‍ ഇരുള്‍ അകന്നിട്ടും, എന്‍
മിഴികളില്‍ ഇരുള്‍ കനത്തു നില്‍ക്കുന്നു

ഒടുവിലെ വഴി ചിതയിലേക്കെന്നു
പടികളില്‍ ചിലര്‍ അടക്കം ചൊല്ലുന്നു
ഉണരണം എനിക്കുണരണം പക്ഷെ
ഉണരും മുന്‍പ് ഞാന്‍ മരിച്ചു പോയല്ലോ

-ശ്രീകാന്ത്-