Saturday, December 22, 2012

13. സങ്കല്‍പ വാസന്തം

 










ഒരു പൂവിരിഞ്ഞതിന്‍ സ്വരം കേട്ടുവോ
ഒരിതള്‍ വീണടര്‍ന്നതിന്‍ കാറ്റേറ്റുവോ
ഒരു വേരിരങ്ങുന്നതെന്‍ കാലറിഞ്ഞുവോ
ഒരുപൂ‍മൊട്ടിന്നകം കണ്ടെന്‍ മനം കുളിര്‍ത്തുവോ

ഒരുള്‍കാംബിന്‍ ചലനമിന്നെന്‍ മനസറിഞ്ഞുവോ

ഒരുള്‍പൂവിന്‍ ഗന്ധമേറ്റു ഞാനുറങ്ങിയോ
ഒരില ഞരമ്പിന്‍ ഉള്ളു നിറയെ നിണമാര്‍ന്നുവോ
ഒരു കരിയിലയില്‍ ജീവന്‍റെ വിളി നീണ്ടുവോ

ഒരു തേനും നുകരാതെ തേന്‍വണ്ട്‌ പോയതോ അതോ
ഒരു മാത്ര എനിക്കായി തേന്‍ ഉള്‍വലിഞ്ഞതൊ
ഒരു പൂവും ഉതിര്‍ത്താതെ കാറ്റ് വഴിമാറിയോ, അതോ
ഒരിക്കലേക്കായുസ്സു ഇരന്നുവൊ പൂ

ഒരു മുഴക്കോല് ദൂരെ വിളിചീടാതെ എത്തി
ഒരു മഴക്കാലമെന്നെ വിളിച്ചുണര്‍ത്തി
ഒരു മുളം തണ്ട് പോലും പൂചൊരിഞ്ഞു
ഇന്നെന്‍ മനമറിഞ്ഞീ വേനലിലും പൂക്കാലമോ....!!

-ശ്രീകാന്ത്- 


Thursday, December 20, 2012

12. കണ്ണുനീരിന്‍ യാത്ര













കണ്ണുനീര്  കണ്ണിനോടു യാത്ര ചൊല്ലി
ചെറു ദൂരമാ പീലികള്‍ കൂട്ടുപോയി
നോവും  കാഴ്ച്ചയാ കണ്ണിനെ കാട്ടിടാതെ
കണ്പോളകള്‍ കണ്‍കളെ മൂടിനിന്നു

കുഞ്ഞു കവിളുകള്‍ മലകളായ് കുറുകെ ചെന്ന്

ചെറു തടയിണ കെട്ടി പുറമേ നിന്നും
പക്ഷെ വരുതിയില്‍ നിന്നിടാതോഴുകി നീങ്ങി
തന്‍റെ സങ്കട ചെങ്കടല്‍ നടുവിലേക്ക്

പിന്നീട്  കാണാമെന്നേറ്റു ചൊല്‍വാന്‍ 

എത്തി ചുണ്ടുകള്‍ വഴിയോരം കാത്തുനിന്നു
വേദന തന്‍ രുചി കൂട്ടില്‍ നിന്നും 
ഉപ്പു ചാലിച്ചു കണ്ണുനീര്‍ പകരം നല്‍കി

കൈലേസുമായി വന്നു വിളിച്ചുനോക്കി

ആ കൈകള്‍ നീര്തുള്ളിയെ മായ്ച്ചു നോക്കി
കൈലേസിനും സങ്കട നനവ്‌ നല്‍കി
തുള്ളി മായ്ച്ചിടും മുമ്പേ പുനര്‍ജനിച്ചു

എവിടുന്നു ഞാനുല്‍ഭവിച്ചീടുന്നു

എന്തൊക്കെ ഞാനനുഭവിച്ചീടുന്നു
സങ്കട മാണെന്‍റെ ആത്മമിത്രം
പക്ഷേ സന്തോഷം എത്തും ഇടക്കിടക്ക്

ഞാന്‍  ഉയിര്‍കൊള്ളുന്ന നേരം മുതല്‍

എന്‍ ഉയിര്‍ പോയിടും നേരം വരെ
ഞാന്‍ അങ്കുരിച്ചൊരു ദേഹത്തിനെ
നോക്കണേ കാക്കണേ തമ്പുരാനേ !!

 -ശ്രീകാന്ത്- 

Thursday, December 6, 2012

11. ഇഷ്ടം !!

എന്‍റെ കവിതകളോ കൈകളോ നിനക്കേറെ ഇഷ്ടം ?
നിന്‍റെ കവിളുകളോ കളമോഴിയോ എനിക്കേറെ ഇഷ്ടം ?
എന്‍റെ കരവിരുതോ കരസ്പര്‍ശമൊ  നിനക്കേറെ  ഇഷ്ടം ?
നിന്‍റെ കരിമിഴിയോ കരിമഷിയോ എനിക്കേറെ ഇഷ്ടം ?

എന്‍റെ ചിന്തയോ അതോ ചന്തമോ നിനക്കേറെ  ഇഷ്ടം ?

നിന്‍റെ ചിലങ്കയോ അതോ ചിണുങ്ങലോ എനിക്കേറെ ഇഷ്ടം ?
എന്‍റെ നിഴലോ അതോ നിളയോ നിനക്കേറെ  ഇഷ്ടം ?
നിന്‍റെ മനസോ അതോ മെയ്യോ എനിക്കേറെ ഇഷ്ടം ?

എന്‍റെ കവിതകളില്‍ നിറയുന്ന..

കരവിരുതില്‍ വിരിയുന്ന..
ചിന്തകളില്‍ പൂക്കുന്ന..
എന്‍റെ നിഴലായ നിന്നെ എനിക്കേറെ ഇഷ്ടം !!

നിന്‍റെ കളമൊഴിയില്‍ മയങ്ങുന്ന..

കരിമഷിയില്‍ ലയിക്കുന്ന..
ചിലങ്കകളില്‍ തുടിക്കുന്ന..
ഒരേ മനസായ നമ്മെ നമുക്കേറെ ഇഷ്ട്ടം !!
അല്ലേ ........?

-ശ്രീകാന്ത്- 

Tuesday, December 4, 2012

10. പെണ്‍ വിളക്ക്

അമ്പല വഴിയിലെ ആല്‍മരച്ചോട്ടിലെ
കല്‍ത്തറ വിളക്കുകള്‍ തെളിഞ്ഞുകത്തി
എന്‍മന വഴിയിലെ ചിന്തതന്‍ തോപ്പിലെ
പെണ്‍ പൊന്‍ പ്രഭയും തെളിഞ്ഞുകത്തി

എണ്ണയിലാടിയ കല്‍ കറുപ്പോ അതോ
വെണ്ണയില്‍ മെഴുകിയ പെണ്‍വെളുപ്പോ
ഏത് നിറം ചാലിച്ചിന്നെഴുതും 
എന്‍റെ തങ്ക മനസിലെ നിന്നഴക്‌

ഏഴു നിറത്തിലെ ഏതു നിറം ഇന്നു
നിന്‍റെ നിറത്തിനു പകരമെഴും
അത്രമേല്‍ അന്ജുന്ന നിന്‍റെ മുഖത്തി-
നെത്ര ചുറ്റു വിളക്കുകള്‍ പകരമാവും  

ആലില അളവിട്ട നിന്‍വടിവ്, നിന്നു
ആലില തണലിട്ടോരീ വഴിയില്‍
ആവണി തെന്നലും വന്നതിലെ
ചെന്നു ദാവണി ആകുവാന്‍ എന്‍ കരവും

നീലിമ ഒഴുകിയ നിന്‍ മിഴിയില്‍ എത്ര
നീല സമുദ്രങ്ങള്‍ ഒളിഞ്ഞിരിപ്പൂ
പാല്‍ച്ചിരി അതിരിട്ട നിന്‍ മൊഴിയില്‍ കേട്ടൂ
പാരിലെ ഏഴു സ്വരഗതിയും

നീ ചലിക്കുംബോഴാ കാറ്റിന്‍റെ കൈകളീ
നാല്‍പാമരത്തിന്‍ വിശറി പോലെ
നീ എഴുന്നള്ളുമ്പോള്‍ ഏഴായിരം കോല്
ദൂരേക്ക്‌ ചന്ദന ഗന്ധമെത്തും

കല്‍ വിളക്കിന്‍ ചാരെനില്‍ക്കുമ്പോഴും നിന്‍റെ
മെയ്യ് വിളങ്ങും നെയ്യ് വിളക്കു പോലെ
കല്‍വിളക്കിലേക്കോ നിന്നടുക്കലേക്കോ വണ്ടി-
നെത്തേണ്ടതെന്നൊരു ശങ്ക മാത്രം

വണ്ടായി ഞാനിതാ നിന്നരുകില്‍ പക്ഷെ
കരിവണ്ടിന് കരിവിളക്കല്ലേ പഥ്യം
രണ്ടു മാത്രയിലെത്തി ഞാനാവിളക്കില്‍
എന്‍റെ ദേഹവും മോഹവും എരിഞ്ഞടങ്ങി

ഏഴു വര്‍ണ്ണങ്ങളും കണ്ണടച്ചു പാരില്‍
കൂരിരുള്‍ മാത്രം പരന്നൊഴുകി
കല്‍വിളക്കും കെട്ടെന്‍ പെണ്‍വിളക്കും മാഞ്ഞു
അവള്‍ ദൂരേക്ക്‌ ദൂരേക്ക്‌ പോയ്‌ മറഞ്ഞു
അവള്‍ ദൂരെ നിലാവില്‍ അലിഞ്ഞു ചേര്‍ന്നു

-ശ്രീകാന്ത്-