Sunday, September 28, 2014

28.

എന്റെ കണ്ണുകള്‍ രണ്ടു തടയിണകളാണ്
പിന്നില്‍ ഒരു സങ്കട തടാകം ഒളിച്ചിരിപ്പുണ്ട്
എന്റെ ചുണ്ടുകള്‍ വെറും മാംസപിണ്ടങ്ങള്‍ അല്ല
അത് അലറുന്ന വാക്കുകള്‍ തലവച്ചുറങ്ങുന്ന തലയിണകളാണ്
എന്റെ ചിന്തകള്‍ ഉള്ളിലുറഞ്ഞ ഉറവകളും അല്ല
അവ തെറിച്ചു വീഴാന്‍ പ്രതലങ്ങള്‍ തേടുന്ന ലാവകളാണ്.
ഞാന്‍ ഒഴുകാതെ ഇരുന്നേക്കാം ഒരുപാട് നാള്‍
പക്ഷെ തിരിച്ചൊഴുകാനാവില്ല ഒരുനാളും
-ശ്രീകാന്ത്-


Saturday, May 24, 2014

27. ഹൃദയ രാഗം













മഴയറിയാതെ പകര്‍ത്തീ 
ഞാനൊരു മഴയുടെ സംഗീതം
പുഴയറിയാതെ കവര്‍ന്നൂ 
അവളുടെ ഒരു കൈവഴി മുഴുവന്‍
ഒരു പൂവിതളും അറിയാതോരോ 
തേനറയും ചോര്‍ത്തി
ഒരു തരി പോലും ചോരാതെന്നുടെ 
നെഞ്ചം താഴിട്ടു
പ്രണയം ചാലിച്ചൊരുനാള്‍ 
ഹൃത്തിൻ നാലറയും നിറയും
പ്രതലം കൂടാതൊഴുകീടും 
അത് നിന്റെ അരികെ വരെ
തൂവിരല്‍ കൊണ്ടൊരു ചാലിടുമെങ്കില്‍ 
നിന്നിലേക്കൊഴുകാം 
തൂവല്‍ കൊണ്ടൊരു കവിത രചിച്ചതിന്‍
പല്ലവിയായ് മാറ്റാം 
ഞാന്‍ അനു പല്ലവിയായ് മാറാം
-ശ്രീകാന്ത്- 

Wednesday, April 16, 2014

26. പതിരിട്ട പ്രണയം













അരികില്‍ വരാതെ നീ തൊടുന്നു നിന്‍
കനവില്‍ തെളിഞ്ഞോരെന്റെ നോവിനെ
പതിയെ പുണരാന്‍ തുനിഞ്ഞ നിന്റെ കൈകളില്‍
കുളിരായ് വിരിഞ്ഞതേത് പൂവിതള്‍
എന്റെ നിഴലു പകുതി പ്രണയം ഇനിയും കവരുമോ..?

നിന്റെ മോഴികളെന്‍ കാതോരമായ്
മഴ കിളികളായ് കൂടുകൂട്ടവേ
നിന്നില്‍ സുഷിരമായ് പെയ്തു ചേരുവാന്‍
എന്റെ മിഴികളെ എയ്തിടുന്നു ഞാന്‍

നിന്റെ അധരമിന്നെന്റെ അരികിലായ്
പുതു നനവുകൾ തേടി എത്തുവാൻ
ഒരു മറവു തേടുന്ന പ്രാവ് പോൽ
ശംഖിൽ ഇരുളു ചേർന്ന് മയങ്ങി ഞാൻ

പുലരി വെട്ടം പുറത്തു നില്‍ക്കുമ്പോഴും
പ്രണയം ഉള്ളില്‍ തുടിച്ചു നില്‍ക്കുമ്പോഴും
കതിര് മെല്ലെ അടര്‍ത്തി നോക്കുന്നു ഞാന്‍
പക്ഷെ...
പതിര് പാടമാണിപ്പോഴും എന്മനം  
-ശ്രീകാന്ത്-

Monday, March 31, 2014

25. വേനലൊഴിയാതെ ....


നിനക്കായ് ... 
പൂക്കാതിരിക്കുവാന്‍ വയ്യ
ഒരു പൂക്കാലം ഓര്‍ക്കാതിരിക്കുവാന്‍ വയ്യ.....
പൂത്തിരുവാതിര നാള്‍ വരെ പൂവിനെ 
കാക്കാതിരിക്കുവാന്‍ വയ്യ
താഴെ നിന്‍ നാവിന്റെ മുകുളങ്ങള്‍ കൊഞ്ചുമ്പോള്‍
അടരാതിരിക്കുവാന്‍ വയ്യ
ഒരു സുഖമുള്ള നൊമ്പര കൂനുമായ് കൊമ്പിന്
കായ്ക്കാതിരിക്കാനും വയ്യ

മൌനമായ് ഇലകളില്‍ എഴുതി ഞാന്‍ എപ്പോഴോ

പറയാതെ പോയ രഹസ്യം......അവ
പടരുവാന്‍ വെമ്പുന്ന വരകളായ്
ഇപ്പോഴും അലിയാതെ നിന്നില്‍ ലയിപ്പൂ

വേനലില്‍ വേവും നിന്‍ മാറത്തു പെയ്യുവാന്‍
മഴയും മനസും കരുതി .....അവ 
പച്ചിലച്ചാര്‍ത്തിന്റെ  കൈകളില്‍ ഭദ്രമായ്‌ 
കുളിരില്‍ പൊതിഞ്ഞു ഞാന്‍ നല്‍കി  

ഇനി നീ വരില്ലെന്ന വേദന ആഴത്തില്‍ വേരായി

മണ്ണിലിറങ്ങി ...
എന്‍മിഴി നീരിനെ ഒപ്പിയ മണ്ണിനെ 
നെഞ്ചോട്‌ ചേര്‍ത്തു ഞാന്‍ നിന്നു 
ഇനിയീ ഒറ്റ മരം മാത്രം ബാക്കി  

-ശ്രീകാന്ത്-

Sunday, February 16, 2014

24. വിധി













സുന്ദരി ആയിരുന്നു അവള്‍ ....പക്ഷെ എപ്പോഴോ 
വെയില്‍ ഏറ്റു വാങ്ങി 
അവസാന ഞരമ്പും മുറിച്ച് ആത്മാഹുതി ചെയ്തവള്‍.
ഭൂമിയില്‍ പതിക്കുവാനുള്ള സ്ഥലം 
മുന്‍കൂട്ടി സ്വപ്നം കണ്ടിരുന്നവള്‍.
ആ അന്ത്യ യാത്രയില്‍ താഴേക്ക് ഒപ്പം കൂട്ടുവാനുള്ളവരെ 
നേരത്തേ കണ്ടു വച്ചിരുന്നവള്‍.
ഭൂമിയിലെ നരകത്തിലേക്ക് കമഴ്ന്നു വീഴുമോ 
എന്ന് ഭയപ്പെട്ടവള്‍.
സ്വര്‍ഗ്ഗ കവാടത്തില്‍ 
മലര്‍ന്നു വീഴുവാന്‍ ആഗ്രഹിച്ചവള്‍.
മൃതിപ്പെട്ടാലും ചമഞ്ഞു തന്നെയാവണമെന്നു ശഠിച്ച് 
പലനിറം കയ്യില്‍ കരുതിയിരുന്നവള്‍.
പക്ഷെ  ജീവന്‍ ഊറി മാറിയ രക്തത്തിന്റെ 
നിറം കടം വാങ്ങേണ്ടി വന്നവള്‍.
ഒടുവില്‍ ഞെരിഞ്ഞമര്‍ന്നു ചിതാഭസ്മമായ് ഒരു പൊടിക്കാറ്റില്‍
അലിഞ്ഞു ചേരുവാന്‍ വിധിക്കപ്പെട്ടവള്‍.
ഇനിയെന്റെ ഓര്‍മ്മയില്‍ ഒരു കരിയില കാറ്റായ് കടന്നു വരേണ്ടവള്‍.
അവള്‍ എന്റെ കരിയില.
ഇനി എനിക്ക് വളമാകേണ്ടവള്‍
അവള്‍ സുന്ദരി ആയിരുന്നു. 
-ശ്രീകാന്ത്-

Friday, December 13, 2013

23. അവള്‍


















നിന്റെ ഈറന്‍ മുടി തുമ്പു കെട്ടും വരെ
ചുണ്ടില്‍ ഊറുന്ന തേന്‍ നൂല്  പൊട്ടും വരെ
കാത്തു നിന്നെന്റെ രാവും നിശാഗന്ധിയും
കണ്ണു ചിമ്മാതെ കള്ളന്‍ നിലാ ചന്ദ്രനും
കണ്ണു ചിമ്മാതെ കള്ളന്‍ നിലാ ചന്ദ്രനും

രാക്കറുപ്പും‍മുടി ചുരുളിലാകെ
ഇന്നു വാരി പകര്‍ന്നു കൊണ്ടിരവ് പോയി
രാമഴനീരപ്പോള്‍ പെയ്തു തോരും മുമ്പ്
നാഭിതന്‍ ചുഴിയിലെക്കൊഴുകി എത്തി
നിന്റെ നാണത്തിന്‍' ചെരുവിലേക്കൊഴുകി എത്തി

കാറ്റിലലിഞ്ഞ നിന്‍ഗന്ധവും പേറിയാ
കേട്ടു പഴകിയൊരീണമെത്തി
തുള്ളിത്തുടിക്കും നിന്‍നെഞ്ചവുമായ്
അപ്പോള്‍ ചാറ്റല്‍ മഴയുടെ താളമെത്തി
എന്റെ സിരകളില്‍ ലഹരിതന്‍ നുരയുമെത്തി 

ചോപ്പ് മാതള പൂക്കള്‍ തന്‍ ശോഭയില്‍
നേര്‍ത്ത കംബളം നീ നീക്കിയെത്തി
നിന്നിലലിയാതിരിക്കുവാന്‍ ഞാനെന്റെ 
പഞ്ചേന്ദ്രിയങ്ങള്‍ അടച്ചുനോക്കി ...പക്ഷെ 
നിന്നിലലിയലാണതിലെളുപ്പം എന്റെ 
സ്വര്‍ണ്ണ നിറമെഴും ഇളവെയിലെ.....!!!
-ശ്രീകാന്ത്- 

Monday, October 14, 2013

22. മറന്നു വച്ച ഓര്‍മ്മകള്‍......













ഇലകളിന്‍ തുംബിലെക്കൊഴുകി വന്നെത്തുന്ന
മഴ തീര്‍ത്തൊരരുവിയില്‍ മുങ്ങിടുന്നു.....ഓര്‍മ്മകള്‍
ഇറയത്തെ മറയത്തു നിന്നൊരെന്‍ ബാല്യത്തെ
കൈ പിടിച്ചെങ്ങോ നടത്തിടുന്നു

നാലുകെട്ടിന്‍ ഇടനാഴികളില്‍ പച്ച-

പായലു ചൊല്ലിയ പഴങ്കഥകള്‍..... ആരും
പറഞ്ഞൊന്നറിയാതെ എങ്ങിനെന്‍
മുറ്റത്തെ പച്ചിലക്കാറ്റില്‍ അലിഞ്ഞു ചേര്‍ന്നു


ഇനിയൊട്ടു ബാക്കി വെക്കാതെ മറന്നൊരാ 
മാറാല മൂടിയ പിന്‍വഴിയില്‍...... പുല്‍-
തളിര്‍ തുമ്പുമെന്തോ പറയുവാന്‍ വെമ്പുന്ന
തെന്‍പാദമെന്നോ തിരിച്ചറിഞ്ഞു

പുറകിലെ ബഞ്ചിലിന്നവളില്ല എങ്കിലും

പുറകോട്ട് സഞ്ചരിക്കുന്നു...ഓര്‍മ്മതന്‍
നിഴലുകള്‍ എങ്കിലും ചേര്‍ന്നിടട്ടെ ...എന്റെ
നിഴലിനെ ഞാനും മറന്നിടട്ടെ

ഒഴുകി ഒഴിയുവാന്‍ കാത്തു നില്‍ക്കുന്നു ഞാന്‍

തുള വീണു പോയ മുളങ്കുഴലില്‍
അത് പോലും ഒരു കീര് രാഗമായ് തോന്നുമാറ-
ലിയട്ടെ മറവിയായ് മാറിടട്ടെ

-ശ്രീകാന്ത്-