Sunday, February 16, 2014

24. വിധി













സുന്ദരി ആയിരുന്നു അവള്‍ ....പക്ഷെ എപ്പോഴോ 
വെയില്‍ ഏറ്റു വാങ്ങി 
അവസാന ഞരമ്പും മുറിച്ച് ആത്മാഹുതി ചെയ്തവള്‍.
ഭൂമിയില്‍ പതിക്കുവാനുള്ള സ്ഥലം 
മുന്‍കൂട്ടി സ്വപ്നം കണ്ടിരുന്നവള്‍.
ആ അന്ത്യ യാത്രയില്‍ താഴേക്ക് ഒപ്പം കൂട്ടുവാനുള്ളവരെ 
നേരത്തേ കണ്ടു വച്ചിരുന്നവള്‍.
ഭൂമിയിലെ നരകത്തിലേക്ക് കമഴ്ന്നു വീഴുമോ 
എന്ന് ഭയപ്പെട്ടവള്‍.
സ്വര്‍ഗ്ഗ കവാടത്തില്‍ 
മലര്‍ന്നു വീഴുവാന്‍ ആഗ്രഹിച്ചവള്‍.
മൃതിപ്പെട്ടാലും ചമഞ്ഞു തന്നെയാവണമെന്നു ശഠിച്ച് 
പലനിറം കയ്യില്‍ കരുതിയിരുന്നവള്‍.
പക്ഷെ  ജീവന്‍ ഊറി മാറിയ രക്തത്തിന്റെ 
നിറം കടം വാങ്ങേണ്ടി വന്നവള്‍.
ഒടുവില്‍ ഞെരിഞ്ഞമര്‍ന്നു ചിതാഭസ്മമായ് ഒരു പൊടിക്കാറ്റില്‍
അലിഞ്ഞു ചേരുവാന്‍ വിധിക്കപ്പെട്ടവള്‍.
ഇനിയെന്റെ ഓര്‍മ്മയില്‍ ഒരു കരിയില കാറ്റായ് കടന്നു വരേണ്ടവള്‍.
അവള്‍ എന്റെ കരിയില.
ഇനി എനിക്ക് വളമാകേണ്ടവള്‍
അവള്‍ സുന്ദരി ആയിരുന്നു. 
-ശ്രീകാന്ത്-