Tuesday, February 19, 2013

17. മഴ തേടുന്ന പ്രണയം












പാതി മുറിഞ്ഞൊരെന്‍ പ്രണയ ഗാനം 
തുലാ.. മഴനൂലു കൊണ്ട് ഞാന്‍ കോര്‍ത്തു വക്കും
പാതി  അടര്‍ന്നൊരെന്‍ മാനസത്തെ 
രാ..മഴ തീര്‍ന്ന മാനത്തെ ചന്ദ്രനാക്കും

എന്‍റെ നിറമുള്ള സ്വപ്‌നങ്ങള്‍ നിറമേകിടും

ചാറ്റല്‍ മഴയേറ്റു നിറമറ്റ മഴ വില്ലിന്
എന്‍റെ പ്രണയകൊടുംചൂടില്‍ തണുവേകുവാന്‍
ഇന്നൊരു വേനല്‍മഴ നല്‍കും കുട ചൂടും ഞാന്‍

ഇടവമഴ പെയ്യുമ്പോള്‍ ഇടയിലേക്ക്
ഇന്നറിഞ്ഞുകൊണ്ടൊരുവേള ഞാനലിയും
ഇടനെഞ്ചു പിടയുന്ന സ്വരമാരുമറിയാതെ
ഇടവത്തിലെ മഴ സ്വന്തമാക്കും .... എന്‍ നെഞ്ചിന്‍
ഇടിമുഴക്കം ആരും അറിയാതെ പോം

-ശ്രീകാന്ത്- 

Thursday, February 14, 2013

16. തീരാത്ത മോഹങ്ങള്‍











വെയിലെനിക്കത്രമേല്‍ ഇഷ്ട്ടമാണെന്നാലും 
തണലിനെ തേടി ഞാന് എത്തും
മഴയെ തിരഞ്ഞു തിരഞ്ഞു പോകുമ്പോഴും 
കുടയേയും കൂടെ ഞാന്‍ നിര്‍ത്തും

കാറ്റിനെ പ്രണയിച്ചു തീരാതെ തന്നെ 

ജനാലതന്‍ പാളിയും ചാരും
പൂക്കളെ കണ്ണുകള്‍ ഓമനിക്കുമ്പോഴും 
ഞെട്ടിറുക്കാനെന്‍ കൈകള്‍ വെമ്പും

ഒന്നുമില്ലെന്നു ഞാന്‍ മന്ത്രിച്ചിരുന്നാലും 

കണ്ണുകള്‍ പലതും പറയും 
കുളിരില്‍ കുളിച്ചൊട്ടി നില്‍ക്കും മനസിനും 
തീ കായുവാനാണ് ദാഹം 

നറു വെണ്ണപോലുള്ളില്‍ ഒളിച്ച വികാരത്തെ
പ്രണയമേ.... എന്നു വിളിച്ചു
ഉരുകി ഉറവപോലോഴുകിയ നേരത്തു
വിരഹത്തിന്‍ ഉപ്പും രുചിച്ചു

മനസിന്‍റെ....ആഴങ്ങളില്‍ ഉമ്മവെക്കുന്ന വിത്തിന്
മുളപൊട്ടി ഉയരാനായ് മോഹം
ആശതന്‍....വാനോളം എത്തുമാ മുകുളത്തിന്‍ വേരിന്
ആഴത്തില്‍ അലയാനാണിഷ്ട്ടം

ഓര്‍മകളൊക്കെ പെറുക്കി അടുക്കി ഞാന്‍

മറവിതന്‍ കൂടയില്‍ പക്ഷെ
യാത്രയിലെപ്പൊഴോ ഞാനറിയാമനം
പിന്‍തിരിഞ്ഞെങ്ങോ നടന്നു

-ശ്രീകാന്ത്-